Sunday, 9 September 2012

എനിക്കറിയില്ല


അവളുടെ പുഞ്ചിരിയെക്കുറിച്ചോര്‍ത്ത്

നിലാവില്‍ കുളിച്ച നാട്ടിടവഴികളിലൂടെ ഞാന്‍ നടന്നു.

അവളുടെ കാല്‍നഖങ്ങളെക്കുറിച്ച് ആലോചിച്ച്

പനിനീര്‍ത്തോട്ടങ്ങള്‍ക്കു നടുവിലൂടെയും.

നിലാവ് അവളുടെ പുഞ്ചിരിയേക്കാള്‍

ഹൃദയഹാരിയായിരുന്നോ?.

പനിനീരിതളുകള്‍ അവളുടെ നഖങ്ങളെക്കാള്‍

മനോഹരമായിരുന്നോ?.

എനിക്കറിയില്ല,

ഞാന്‍ നിലാവും പനിനീരിതളുകളും കണ്ടില്ലല്ലോ.



Saturday, 8 September 2012

മരം മഴയെക്കുറിച്ച് എഴുതിയ കവിത



മരം മഴയെക്കുറിച്ച്

ഒരു കവിതയെഴുതി.


  മരം മഴയെക്കുറിച്ചല്ലാതെ

  മറ്റെന്തിനെക്കുറിച്ചെഴുതാന്‍!.

  മരമല്ലാതെ മഴയെക്കുറിച്ച്

  വേറെയാര് എഴുതണം?.


മരം മഴയെക്കുറിച്ച്

കവിതയല്ലാതെ എന്തെഴുതും?.

മരം മഴയെക്കുറിച്ച്

എഴുതുന്നതാണ് കവിത.


  ഞാന്‍ അവളെക്കുറിച്ച്

  ഒരു കവിതയെഴുതി.